---
title: "ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്"
english_title: "Cochin Devaswom Board Complaint Against BJP Thrissur Independence Day Event Vadakkunnathan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378714/ thrissur-bjp-independence-day-event-devaswom-board-complaint"
published_at: "2026-08-15T21:08:00+05:30"
category: "Thrissur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80884eca0cf_thrissur-bjp-independence-day-event-devaswom-board-complaint.jpg"
keywords: ["BJP", "Cochin Devaswom Board", "Independence Day", "BJP Thrissur Independence Day"]
---

# ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്

> **Lead Summary:** തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനധികൃതമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ച ബിജെപിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. തൃശൂരിലെ ബിജെപിയുടെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെയാണ് നടപടി.

## Article Content

തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനധികൃതമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ച ബിജെപിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. തൃശൂരിലെ ബിജെപിയുടെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെയാണ് നടപടി.

രാഷ്ട്രീയ പരിപാടികൾക്ക് തേക്കിൻകാട് മൈതാനം വേദിയാകരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറികടന്ന് ക്ഷേത്ര മൈതാനിയിൽ പ്രവേശിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് പരാതി നൽകിയത്.

അതേസമയം വന്ദേമാതരത്തിന്റെ പേരിൽ തൃശൂരിൽ ബിജെപി നടത്തിയ പ്രതിഷേധം സ്വാതന്ത്ര്യ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വിമർശിച്ചു. സംഭവത്തിൽ ബിജെപി നടപടിയെ സിപിഐഎമ്മും വിമർശിച്ചു.

> ബിജെപിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു. "സാധാരണ നിലയിൽ ഒരു പാർട്ടിയും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെ അലങ്കോലപ്പെടുത്തുന്ന ഒരു പരിപാടിയും നടത്താറില്ല" എന്ന് അദ്ദേഹം പ്രതികരിച്ചു.

നിയമലംഘനത്തിന് ബിജെപി നേതാക്കളുടെ പേരിൽ കേസെടുക്കണമെന്നും കെ.വി. അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.തൃശൂരിൽ മാത്രമല്ല തിരുവനന്തപുരത്തും കോഴിക്കോട് കോർപ്പറേഷനിലും ഇത്തരത്തിൽ വന്ദേമാതരം ആലപിച്ചുള്ള പ്രതിഷേധമുണ്ടായി.

കോഴിക്കോട് കോർപ്പറേഷനിൽ പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലിയത്.

എന്നാൽ ഇതിനിടെ ഉണ്ടായ വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കുമിടെ സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ നിന്ന് വന്ദേമാതരം പൂർണമായും ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്.

**English Summary:**

The Cochin Devaswom Board has filed a police complaint against the BJP for organizing a parallel Independence Day event at Vadakkunnathan temple ground in Thrissur. The Board alleged violation of a High Court order that prohibits political events at Thekkinkadu Maidan. Sports Minister O.J. Jenish and CPI-M Thrissur district secretary K.V. Abdul Khader criticized the BJP's protest, calling it an attempt to disrupt the sanctity of Independence Day. Similar incidents of BJP councillors singing 'Vande Mataram' during the national anthem were reported in Kozhikode and Thiruvananthapuram. Amid the controversy, the state government excluded 'Vande Mataram' from official Independence Day functions, with only the national anthem being sung.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378714/ thrissur-bjp-independence-day-event-devaswom-board-complaint)